മുംബൈ: മറാത്തിയിൽ സംസാരിക്കാത്തതിന് എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച യുവാവിനെ സ്ത്രീ ഭീഷണിപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിൽ മറാത്തി ഭാഷ അടിച്ചേൽപിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ സംഭവം. സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോയും യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളെന്നോട് മറാത്തിയിൽ സംസാരിക്കണമെന്നാണോ പറയുന്നത് എന്ന് മഹി ഖാൻ എന്ന യുവാവ് സ്ത്രീയോട് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. അതെ ദയവായി ആ ഭാഷയിൽ സംസാരിക്കൂ എന്ന് സ്ത്രീ മറുപടിയും നൽകുന്നുണ്ട്. അങ്ങനെ സംസാരിക്കാൻ ആവശ്യപ്പെടുന്നതിന്റെ കാരണം അജ്ഞാതമാണ്.
എന്നാൽ തനിക്ക് മറാത്തിയിൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് ഖാൻ പറയുമ്പോൾ, നിങ്ങൾ മുംബൈയിലേക്കാണ് പോകുന്നതെന്നും മറാത്തി എന്താണെന്ന് അറിയുമെന്നുമാണ് സ്ത്രീ പറയുന്നത്.
അപ്പോൾ സഹയാത്രക്കാരനോട് ഇങ്ങനെ മോശമായി പെരുമാറരുതെന്ന് പറഞ്ഞപ്പോൾ മുംബൈയിൽ ഇറങ്ങൂ...മോശം പെരുമാറ്റം എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം എന്നാണ് സ്ത്രീ ഭീഷണി സ്വരത്തിൽ പറയുന്നത്. വിമാനത്തിലെ ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സ്ത്രീ തന്നെ ഭീഷണിപ്പെടുത്തിയതെന്നും ഖാൻ പറയുന്നു.
നാനാത്വത്തിൽ ഏകത്വം എന്ന് അഭിമാനത്തോടെ പറയുന്ന ഒരു രാജ്യത്ത് ഇത്തരം ആളുകൾ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് എന്നും ഖാൻ പറയുന്നു. മുംബൈയിൽ തന്നെ തുടരണമെങ്കിൽ മറാത്തി സംസാരിക്കണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തിയത്. അപകടകരമായ ഒരു മാനസികാവസ്ഥയാണിത് കാണിക്കുന്നത്. എയർ ഇന്ത്യയിൽ ഇത്തരം മോശം പ്രവണതകൾ പലപ്പോഴും കാണാറുണ്ടെന്നും ഖാൻ പറയുന്നു. ഇത്തരം ആളുകൾക്കെതിരെ നടപടി വേണമെന്നും ഖാൻ ആവശ്യപ്പെട്ടു.