വീട്ടിൽനിന്ന് കടുത്ത ദുർഗന്ധം; ഹരിയാനയിൽ കട്ടിലിനടിയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി; ഒപ്പംതാമസിച്ചിരുന്ന ആളെ തേടി പോലീസ്

03:25 PM Nov 06, 2025 | Kavya Ramachandran


ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വാടകവീട്ടിലെ കട്ടിലിനടിയിൽനിന്ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ദുന്ദഹേര ഗ്രാമത്തിലെ അങ്കൂരി(26) എന്ന യുവതിയെയാണ് ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. കൂടെത്താമസിച്ചിരുന്ന പങ്കാളി അനൂജിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പോലീസിന്റെ വിവരങ്ങൾ അനുസരിച്ച്, അങ്കൂരി ഏകദേശം ഒന്നര വർഷമായി അനുജിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ ദിവസങ്ങൾക്ക് മുമ്പാണ് ദുന്ദാഹേരയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഒരാഴ്ച മുമ്പ് അനൂജ് വീട് പൂട്ടി പോയിരുന്നു. ദിവസവും രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് പോകാറുള്ള അങ്കൂരിയെ ഒക്ടോബർ 31-നാണ് അവസാനമായി കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് മുറിയിൽനിന്ന് രൂക്ഷമായ ദുർഗന്ധം വരാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.