ചെന്നൈ: ആലപ്പുഴ എക്സ്പ്രസിന്റെ നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.ഫാൻ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി സെൻട്രല്‍ റെയിവെ സ്റ്റേഷനിലെ യാർഡില്‍ എത്തിച്ച കോച്ചില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സംഭവം ശ്രദ്ധയിപ്പെട്ടത്.
തകരാറിനെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തിലേറെയായി കോച്ച് നിർത്തിയിട്ടിരിക്കുകയായിരുന്നു. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ടെന്നാണ് റെയില്‍വെ പോലീസ് അറിയിക്കുന്നത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അവർ വ്യക്തമാക്കി.ഈ കോച്ചിനടുത്തേക്ക് സ്ത്രീ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.