പെൺകുട്ടികൾക്കിടയിലെ ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നു; വനിതാ കമ്മീഷൻ

07:10 PM Jul 26, 2025 |


കാസർകോട് : സമൂഹത്തിൽ അടുത്ത കാലത്തായി പെൺകുട്ടികൾക്കിടയിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നതും ഭയപ്പെടുത്തുന്നു മാണെന്ന്‌കേരള സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു. കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബത്തിനകത്ത് നിന്നും സമൂഹത്തിൽ നിന്നും പെൺകുട്ടികൾക്ക് നല്ല പിന്തുണ ലഭിക്കേണ്ടതുണ്ട് .

കാസർകോട് ജില്ലയിൽ കേരളവനിതാ കമ്മീഷൻ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. ചെറിയ പ്രശ്നങ്ങളിൽ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയിൽ ഇടപെടുന്ന രീതിയും അവസാനിപ്പിക്കണം. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന കേരള സംസ്ഥാന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ഗാർഹിക പീഡനം, സ്വത്ത് തർക്കം, കുടുംബത്തിലെ സ്വർണ്ണം, ഭൂമി ഇടപാടുകൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ എന്നിവയാണ് കമ്മീഷന് മുന്നിലെത്തിയത്.

 സ്ത്രീകൾക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ തെറ്റായ പരാമർശങ്ങൾ നടത്തുന്ന പ്രവണത വർധിച്ച് വരുന്നതായി കാണുന്നുണ്ടെന്നും സമൂഹത്തിൽ വിദ്യാഭ്യാസ നിലവാരം വർധിച്ച് വരുമ്പോഴും തെറ്റായ പ്രവണതകൾ വളർന്നു വരുന്നു. ഇത് സ്ത്രീ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷൻ അംഗം പറഞ്ഞു.

സിറ്റിങ്ങിൽ ആകെ 52 പരാതികൾ പരിഗണിച്ചു. ഒൻപത് പരാതികൾ തീർപ്പാക്കി. ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. 42 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങിൽ വുമൺസെൽ എസ്.ഐ എം.വി ശരണ്യ, വുമൺസെൽ എ.എസ്.ഐ എ.എം ശാരദ, ഫാമിലി കൗൺസിലർ രമ്യമോൾ, ജില്ലാ ജാഗ്രതാസമിതി കൗൺസിലർ പി. സുകുമാരി, ഐ.സി.ഡി.എസ് ജില്ലാ മിഷൻ കോർഡിനേറ്റർ അമല മാത്യു തുടങ്ങിയവർ പങ്കെടുത്തു.