തൊഴില്‍ എന്ന വാക്കിന്റെ നിര്‍വചനം മാറ്റണം ; മന്‍സുഖ് മാണ്ഡവ്യ

01:30 PM Jan 19, 2025 | Neha Nair

ഡല്‍ഹി : തൊഴില്‍ (Job) എന്ന വാക്കിന്റെ നിര്‍വചനം മാറ്റണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. വീട്ടമ്മമാരായ സ്ത്രീകളെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി തൊഴിലിന്റെ നിര്‍വചനം മാറ്റേണ്ടതുണ്ട്. തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം ചൂണ്ടിക്കാട്ടിയുള്ള കണക്കുകളോടുള്ള പ്രതികരണത്തിലാണ് മാണ്ഡവ്യ തന്റെ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര തൊഴില്‍ മന്ത്രാലയവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു വീട്ടില്‍ ഗാര്‍ഹിക തൊഴിലെടുക്കുന്ന സ്ത്രീകള്‍ മാത്രം തൊഴിലാളിയും സ്വന്തം വീട്ടില്‍ ഇതേ ജോലി ചെയ്യുന്ന സ്ത്രീകള്‍ തൊഴിലാളിയല്ലാത്തതും എന്തുകൊണ്ടാണ്? വീടുകളില്‍ കന്നുകാലികളെ പരിപാലിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ സ്വയം തൊഴില്‍ ചെയ്യുന്നവരായി കണക്കാക്കണമെന്നും അതിന് തൊഴിലിന്റെ നിര്‍വചനത്തില്‍ നയപരമായ മാറ്റം ആവശ്യമാണെന്നും മാണ്ഡവ്യ പറഞ്ഞു.