ആലത്തൂർ: നാലുവർഷം സ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്‌സോ കേസ് പ്രതി ഒടുവിൽ കുടുങ്ങി. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറിനെയാണ് (51) ആലത്തൂർ പോലീസ് അറസ്റ്റുചെയ്തത്. നാലുവർഷംമുമ്പ് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തമിഴ്‌നാട് തിരുവണ്ണാമലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽക്കഴിയുകയും സിദ്ധനായിനടിച്ച് വീടുകളിൽ പൂജകൾ നടത്തിവരികയായിരുന്നു.
2021-ലാണ് പോക്‌സോ കേസിൽ പ്രതിയായത്. നിബന്ധനകളോടെ ജാമ്യംലഭിച്ചശേഷം മുങ്ങുകയായിരുന്നു. മൊബൈൽഫോൺ ഉപയോഗിക്കാത്ത ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇയാളെ ഉടൻ പിടികൂടി ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആലത്തൂർപോലീസിന് നിർദേശം നൽകിയതോടെ ഡിവൈഎസ്‌പി എൻ. മുരളീധരൻ, ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചു.
ശാസ്ത്രീയമായ അന്വേഷണത്തിനിടെ പോലീസിന് ഇയാളെക്കുറിച്ച് നിർണായകവിവരം ലഭിച്ചു. തിരുവണ്ണാമല ക്ഷേത്രപരിസരത്ത് താടിയും മുടിയുംനീട്ടി വളർത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച് കഴിയുന്നത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2021-ലുള്ള ഇയാളുടെ രൂപവുമായി ഏറെ വ്യത്യാസമുണ്ടായിരുന്നെങ്കിലും പോലീസിന്റെ കണ്ണുകളെ വെട്ടിക്കാനായില്ല.