സന : യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണത്തിലെ മരണ സംഖ്യ 70 കവിഞ്ഞു. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് യു.എസിന്റെ ആക്രമണം നടന്നത്. ഹൂതികളുടെ പ്രധാന വരുമാനമായ ഇന്ധന വിതരണ ശൃംഖല തകര്‍ക്കുക എന്നതാണ് ലക്ഷ്യം.
റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിലെ ജീവനക്കാരടക്കം 171 ലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം ജനങ്ങള്‍ക്കെതിരേയല്ലെന്നും തീവ്രവാദത്തിനെതിരേയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതുവരെ യെമന്‍ പിന്നോട്ടില്ല. യു.എസ് തങ്ങള്‍ക്കെതിരേ ആക്രമണം തുടരുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമായി തീരും, ഹൂതി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് യു.എസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് യുഎസ് മുന്നറിയിപ്പ്.