ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

06:53 AM Dec 21, 2024 | Suchithra Sivadas

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേല്‍ (42) ആണ് മരിച്ചത്. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  ഉദ്‌ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്.

തീപിടുത്തമുണ്ടായി അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടായി. അഗ്‌നിശമന സേനയുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചില്ല. 

കാറില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാല്‍ ദീപകിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നീട് അഗ്‌നിശമന സേന ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കാര്‍ ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ചിരുന്നു. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ വാഹനത്തിന്റെ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.