ഒരു കാലം വരെ ഇന്ത്യയിൽ ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായിരുന്നു വിവാഹം എന്നത്. എന്നാൽ ഇന്ന് ധൈര്യത്തോടെ വിവാഹത്തോട് നോ പറയാൻ സ്ത്രീകൾ പ്രാപ്തരായി കഴിഞ്ഞു. കുടുംബക്കാർ നിർബന്ധിച്ചിട്ടും ഒറ്റപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ ഭയപ്പെടാതെ വിവാഹം വേണ്ടെന്ന് വയ്ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ട്.
ഇന്ന് വിവാഹം എന്നാൽ എന്താണെന്ന ഉത്തമ ബോധം ഇന്ത്യൻ വനിതകൾക്കുണ്ട്. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം അയാളുടെ വീട്ടിലെത്തി കഴിഞ്ഞാൽ, പിന്നെ അവൾ അവളല്ല.. അവളുടെ പേര് മാഞ്ഞ് പോകും… സ്വപ്‌നങ്ങൾക്ക് മങ്ങലേൽക്കും. മറ്റുള്ളവരുടെ സുഖവും സന്തോഷവും അവളുടെ ചുമതലയാവും.
അവളുടെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുന്ന ചില കാര്യങ്ങളുമുണ്ട്. പാചകം, വൃത്തിയാക്കൾ, പരിപാലനം, ഇല്ലാത്ത ഉത്കണ്ഠയെല്ലാം എടുത്ത് തോളിൽ വയ്ക്കുകയും വേണം. ഇതാണ് സ്‌നേഹം, ഇതാണ് ത്യാഗം എന്നൊക്കെയാണ് വയ്പ്പ്. കുറേ ഡിമാന്റുകൾക്കുള്ളിൽ അവളുടെ ജീവിതം ചുരുങ്ങും. മല്ലുള്ളവർക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങുന്നൊരു ജന്മമായി മാറും .
ഭർത്താവിനെയും കുടുംബത്തിനെയും സപ്പോർട്ട് ചെയ്ത് ആഗ്രഹങ്ങളെല്ലാം രഹസ്യങ്ങളായി മാത്രം മാറ്റി ജീവിക്കേണ്ട സാഹചര്യം വിവാഹത്തിലൂടെ ഉണ്ടാകുന്നുണ്ട്. ഇനി സ്വന്തം കാര്യം നോക്കാൻ ശ്രമിച്ചാൽ അത് സ്വാർത്ഥതയാകും. വീട്ടിനുള്ളിലെ ഉത്തരവാദിത്തങ്ങളിൽ കുടുങ്ങി അവളുടെ എല്ലാകാര്യങ്ങളും ത്യജിച്ച് ജീവിക്കേണ്ടി വരും.
ഇനി വിവാഹത്തോടെ ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നാലും എല്ലാം സഹിക്കേണ്ട ഒരു സാഹചര്യത്തിലേക്കാണ് അവർ തള്ളിയിടപ്പെടുന്നത്. അത് ഏത് തരത്തിലായാലും സഹിക്കാനും ക്ഷമിക്കാനും ശീലിക്കുന്നതാണ് നല്ലതെന്നായിരിക്കും കിട്ടുന്ന ഉപദേശം.. ഇതാണ് സ്‌നേഹമെന്നൊരു കൂട്ടിച്ചേർക്കലും അതിനൊപ്പം കാണും. എല്ലാ ജോലികളും ചെയ്ത് തീർത്താലും അതിലും കുറ്റവും പഴിയും. ഒപ്പം ഇതിനൊന്നും യാതൊരു വിലയുമില്ലാതെയുള്ള കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും.
അനീതിക്കെതിരെ ശബ്ദം ഉയർത്തിയാൽ പിന്നെ ഒറ്റപ്പെടുത്തലും അഹങ്കാരിയെന്ന ലേബലും നേടേണ്ടി വരും. സാമ്പത്തികമായി എല്ലാവരെയും ആശ്രയിക്കേണ്ടി വരുന്നതും കൂട്ടിലിട്ട തത്തയെ പോലെ ജീവിക്കേണ്ടി വരുമെന്നതുമെല്ലാം സ്ത്രീകൾ വിവാഹത്തോട് നോ പറയാൻ കാരണമാണ്.
സംരക്ഷണം എന്ന പേരിൽ വേദന നൽകുന്നതിനാൽ, എല്ലാ ത്യജിച്ച് നിശബ്ദമായി ജീവിക്കേണ്ടി വരുന്നതിനാൽ, എല്ലാവരെയും അനുസരിക്കുന്നതിലുപരി സമത്വമാണ് വേണ്ടതെന്ന് വാദിക്കേണ്ടി വരുന്നതിനാൽ.. എല്ലാ സ്വപ്‌നങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ ധൈര്യത്തോടെ വിവാഹത്തോട് നോ പറയുകയാണ്. അതേസമയം വിവാഹത്തിലൂടെ പരസ്പരം പിന്തുണ നൽകി സമത്വ ബോധത്തോടെ മുന്നോട്ടു പോകുന്ന വിവാഹബന്ധങ്ങളെ ബഹുമാനിക്കാനും ഇന്ത്യൻ സ്ത്രീകൾക്കറിയാം.