യുഎഇയില്‍ പിതാവിന്റെ ക്രൂര മർദനത്തെ തുടർന്ന് പോലീസിനോട് സഹായമഭ്യർത്ഥിച്ച്‌ പത്തുവയസ്സുകാരൻ

11:16 AM Jul 04, 2025 | Renjini kannur

യുഎഇയില്‍ പിതാവിന്റെ ക്രൂര മർദനത്തെ തുടർന്ന് പോലീസിനോട് സഹായമഭ്യർത്ഥിച്ച്‌ പത്തുവയസ്സുകാരൻ. ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പിലൂടെയാണ് കുട്ടി പരാതി നല്‍കിയത്.പിതാവ് തന്നെ തുടർച്ചയായി മർദിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. തനിക്ക് സഹോദരങ്ങളുണ്ടെന്നും അവരില്‍ നിന്ന് വ്യത്യസ്തമായി തന്നെ മാത്രമാണ് പിതാവ് ഉപദ്രവിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.

ശരീരമാസകലം മർദനമേറ്റതിന്റെ മുറിവുകളാണ്. ഇത് ക്ലാസില്‍ ഒപ്പം പഠിക്കുന്ന കുട്ടികളില്‍ നിന്നും മറച്ചുപിടിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. ഇതോടെ സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥി പഠനത്തിലും മറ്റ് കാര്യങ്ങളിലും പിന്നോട്ടായി. ഇതില്‍ സ്കൂള്‍ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടി തളർന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതരും സോഷ്യല്‍ വർക്കറും കുട്ടിയോട് സംസാരിക്കുകയും അവന്റെ ശരീരത്തില്‍ മർദനമേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തു.

ഉടനെ ദുബൈ പോലീസുമായി സ്കൂള്‍ അധികൃതർ ബന്ധപ്പെടുകയായിരുന്നു.കുട്ടിയോടുള്ള പെരുമാറ്റത്തിലും ശിക്ഷണ രീതിയിലും മാറ്റം വരുത്തുമെന്ന് പിതാവ് സമ്മതിച്ചതായും ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടിക്കുള്ള എല്ലാ മാനസിക പിന്തുണയും നല്‍കുമെന്നും കുട്ടികള്‍ക്കെതിരെയുള്ള എല്ലാ അക്രമവും ദുബൈ പോലീസിന്റെ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.