ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ടീമിന് റെക്കോര്‍ഡ് തോല്‍വി. ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് 20 ഓവര്‍ തികച്ച് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വെറും 110 റണ്‍സിനാണ് പാക് സംഘം ഓള്‍ ഔട്ടായത്. സല്‍മാന്‍ അലി ആഘ നയിച്ച ടീം നേടിയ 110 റണ്‍സ് ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണ്. കൂടാതെ, ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ആദ്യ ടി20യില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസ് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 19.3 ഓവറില്‍ 110 റണ്‍സ് മാത്രമാണ് പാക് ടീമിന് നേടാനായത്. ഓപ്പണര്‍ ഫഖര്‍ സമാന്‍ 34 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സ് നേടി. ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഖുഷ്ദില്‍ ഷാ 23 പന്തില്‍ 17 റണ്‍സും അബ്ബാസ് അഫ്രീദി 24 പന്തില്‍ മൂന്ന് സിക്‌സറുകളോടെ 22 റണ്‍സും കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുര്‍ റഹ്‌മാന്‍ നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്റെ ഇതിന് മുന്‍പുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ 2016 മാര്‍ച്ച് 2-ന് മിര്‍പൂരില്‍ നേടിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സായിരുന്നു