13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി ; ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിടപറഞ്ഞ് ബില്‍ജിത്ത്

06:59 AM Sep 13, 2025 |


കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന് കാരിക്ക് മാറ്റിവെച്ചത്.
ഇന്ന് പുലര്‍ച്ചെ 1.20 നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനം ലിസി ആശുപത്രിയില്‍ എത്തിയത്. രാത്രി 12:45നാണ് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ ഹൃദയവുമായി ആരോഗ്യപ്രവര്‍ത്തകര്‍ ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ബില്‍ജിത്ത് വിടപറഞ്ഞത്. ഹൃദയമടക്കം ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ എന്നീ ആശുപത്രികളിലെത്തിയ്ക്കും.