എട്ട് വയസുകാരിയെ സഹോദരിയുടെ ഭര്‍തൃപിതാവ് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധം ; നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍

05:01 AM Mar 10, 2025 | Suchithra Sivadas

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമ നടപടികള്‍ വേഗത്തിലാക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ്  നടപടികള്‍ വേഗത്തിലാക്കും എന്ന് ഇടക്കാല സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്.

ബലാത്സംഗ കേസുകളിലെ അന്വേഷണം 15 ദിവസത്തിനുള്ളിലും വിചാരണ 90 ദിവസത്തിലും പൂര്‍ത്തിയാക്കണം എന്ന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് നിയമ ഉപദേഷ്ടാവായ ആസിഫ് നസ്രുള്‍ പറഞ്ഞു. നിലവില്‍ ബലാത്സംഗ കേസുകളുടെ അന്വേഷണം 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നും 180 ദിവസത്തിനുള്ളില്‍ വിചാരണ നടത്തണമെന്നുമാണ് നിയമം. ബംഗ്ലാദേശില്‍ ബലാത്സംഗ കേസിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്.


മഗുരയില്‍ എട്ട് വയസുകാരിയെ സഹോദരിയുടെ ഭര്‍തൃപിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് നടന്ന ഈ അതിക്രമത്തെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം ഉള്‍പ്പെടെ ആലോചിച്ചുകൊണ്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്