ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെ പാക് ടീമിനെ രൂക്ഷമായി പരിഹസിച്ച സുനില്‍ ഗവാസ്കര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പാക് നായകന് ഇന്‍സമാം ഉള് ഹഖ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരിക ജയം നേടിയതിന് പിന്നാലെയാണ് ഗവാസ്കര്‍ പാക് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയത്.
നിലവിലെ ഫോമില്‍ പാകിസ്ഥാന് ടീമിന് ഇന്ത്യയുടെ ബി ടീമിനെപ്പോലും തോല്‍പ്പിക്കാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഗവാസ്കറുടെ കമന്റ്. എന്നാല്‍ ഒരിക്കല്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് ഒളിച്ചോടിയ ഗവാസ്കര്‍ ആണിത് പറയുന്നതെന്ന് ഇന്‍സമാം മറുപടി നല്കി. ആ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചുവെന്നത് ശരിയാണ്. പക്ഷെ അന്ന് പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് മുങ്ങിയ ആളാണ് ഗവാസ്കര്‍. അദ്ദേഹം ഞങ്ങളെക്കാള്‍ മുതിര്‍ന്നയാളാണ്. അതിന്റേതായ ബഹുമാനം എപ്പോഴും നല്‍കാറുണ്ട്. നിങ്ങളുടെ ടീമിനെ എത്രവേണമെങ്കിലും പുകഴ്ത്തിക്കോളു, പക്ഷെ അതിനുവേണ്ടി പാകിസ്ഥാന് ടീമിനെ താഴ്ത്തിക്കെട്ടേണ്ട കാര്യമില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇന്‍സമാം പറഞ്ഞു.
ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ ഗവാസ്കര്‍ സ്വയം വില കളയുകയാണ്. അദ്ദേഹത്തോട് റെക്കോര്‍ഡുകളൊക്കെ ഒന്നുകൂടി എടുത്തുനോക്കാന്‍ പറയു. അപ്പോഴറിയാം, പാകിസ്ഥാന്റെ കരുത്ത് എന്താണെന്ന്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ പാകിസ്ഥാന് 73 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഇന്ത്യ 58 മത്സരങ്ങളിലാണ് ജയിച്ചത്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സമാമിന്റെ പ്രതികരണം.