ന്യൂഡൽഹി: നിരക്ക് കുറക്കലിനപ്പുറം, ചരക്കു സേവന നികുതി (ജി.എസ്.ടി) സമഗ്രമാകണമെന്ന് കോൺഗ്രസ്. ജി.എസ്.ടി നിരക്കിൽ കുറവ് വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിെന്റ പ്രതികരണം.
ലളിതമായ ജി.എസ്.ടി 2.0 ആണ് ആവശ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ കോൺഗ്രസ് ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോൾ പന്ത് കേന്ദ്ര സർക്കാറിെന്റ കോർട്ടിലാണ്. അവർ ചരിത്രപരമായ ഈ അവസരം പ്രയോജനപ്പെടുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
ജി.എസ്.ടി 2.0 എന്നതിെന്റ ആദ്യ ലക്ഷ്യം ലളിതമായ നികുതി നിരക്കുകളായിരിക്കണം. നിലവിൽ പോപ്കോണിന് മൂന്ന് നികുതി നിരക്കുകളാണുള്ളത്. ക്രീം ബണ്ണിനും വ്യത്യസ്ത നിരക്കുകളുണ്ട്. സെസ്സുകൾ ഉൾപ്പെടെ 100ഓളം വ്യത്യസ്ത ജി.എസ്.ടി നിരക്കുകളുണ്ടെന്നാണ് നരേന്ദ്ര മോദി സർക്കാറിെന്റ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത്.