
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ എം.ജി. കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം രണ്ട് തവണ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ മുൻ ജില്ലാ പ്രസിഡൻ്റ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ് എം.ജി. കണ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചെന്നീർക്കരയിലെ വീട്ടുവളപ്പിൽ നടക്കും.