തിരുവല്ലയിൽ 3 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; മൂന്നു പേർക്ക് പരിക്ക്

04:30 PM Jul 23, 2025 | Neha Nair

തിരുവല്ല : എം സി റോഡിൽ തിരുമൂലപുരത്ത് 3 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 7മണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറിൻ്റെ പിന്നിലെ വലത് ടയറിൻ്റെ ഭാഗത്താണ് ഈ കാർ ആദ്യം ഇടിച്ചത്.

തൊട്ട് പിന്നാലെ വരികയായിരുന്ന മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. അപകടത്തിന് കാരണമായ കാറിൽ സഞ്ചരിച്ച ഡ്രൈവർ ഉൾപ്പെടെ 3 പേർക്കാണ് പരിക്കേറ്റത്.ഇവരെ നാട്ടുകാർ 108 ആംബുലൻസിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലേക്കെത്തിച്ചു.

 ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച ആദ്യ കാറിൻ്റെ ടയർ പൊട്ടിത്തെറിച്ചിരുന്നു.  സംഭവത്തെ തുടർന്ന് ഏറെ നേരം എം സി റോഡിൽ ഗതാഗത സ്തംഭനമുണ്ടായി.