
കുന്നംകുളം കാണിപ്പയ്യൂരില്‍ സ്കൂട്ടറിലെത്തിയ രണ്ട് പേര് വീട്ടില്‍ നിന്നിരുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. പിടിവലിയില്‍ ഒരു കഷണം മാല വയോധികയ്ക്ക് തിരികെ കിട്ടി. ബാക്കി ഭാഗം മോഷ്ടാക്കള്‍ കൊണ്ടുപോയി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15നാണ് സംഭവം. കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ അമ്പലത്തിങ്കള്‍ ശാരദ (82) യുടെ രണ്ടു പവന് മാലയാണ് പൊട്ടിച്ചെടുത്തത്. വീടിനു മുന്‍വശത്ത് നിന്നിരുന്ന ശാരദയുടെ കഴുത്തില്‍ നിന്ന് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് പ്രാഥമിക പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി മോഷ്ടാക്കളെ കണ്ടെത്താന്‍ ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.