
കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഇന്ന് രാവിലെ ഉയര്‍ത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്ന് ഉച്ചക്കാണ് മറിഞ്ഞത്. വാതക ചോര്‍ച്ച ഇല്ലെങ്കിലും ടാങ്കര്‍ ഉയര്‍ത്തുന്നതിന് ഭാഗമായി പ്രാദേശിക അവധിയടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18, 19, 26 വാര്‍ഡുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ഡുകളിലെ സ്‌കൂള്‍, അംഗണവാടി, കടകള്‍ ഉള്‍പ്പടെ ഉള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് രാവിലെ എട്ട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പ്രദേശത്ത് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ലെന്നും ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.