പത്തനംതിട്ട : നഗരറോഡുകളുടെ നിലവാരം ഉയർത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നഗര റോഡുകളുടെ മുഖഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകൾ മാറണം. അതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് ബൈപ്പാസ്, ഫ്‌ളൈ ഓവർ, ജംഗ്ഷൻ വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റർ നിർമിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു. പത്തനംതിട്ട നഗരത്തിൽ ശബരിമല നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവൽക്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബി.സി ഓവർലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാൻ മേൽപ്പാലം പൂർത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലി മൂട്ടിൽ കടവ് പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ട നഗരസഭയിൽ നിർമാണം പൂർത്തിയായ കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂർ-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂർക്കടവ്, ടിബി അപ്രോച്ച്, അഴൂർ-കാത്തോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല-കുമ്പഴ റോഡിൽ പരിയാരം- സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, പത്തനംതിട്ട നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ നിർമാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ റ്റി സക്കീർ ഹുസൈൻ, നഗരസഭാംഗം അഡ്വ എ സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം വി സഞ്ജു, മനോജ് മാധവശേരിൽ, ഡി ഹരിദാസ്, എം സജികുമാർ, നൗഷാദ് കണ്ണങ്കര,, മുഹമ്മദ് സാലി, നിസാർ നൂർമഹൽ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേർന്ന് തയ്യാറാക്കിയ റിസ്‌ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷർ മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. ടി. സക്കീർഹുസൈൻ നൽകി പ്രകാശനം ചെയ്തു. ജില്ലാ ടൗൺപ്ലാനർ ജി അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ എന്നിവർ പങ്കെടുത്തു.