16കാരനായ മകൻ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്നു

03:08 PM Oct 23, 2025 | Renjini kannur

ഹരിയാന: ഹരിയാനയില്‍ ദൂധ ഗ്രാമത്തില്‍ 16കാരനായ മകൻ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്നു ചൊവ്വാഴ്ച രാത്രിയാണ് സംഭവം.45കാരിയായ മുകേഷ് റാണിയാണ് കൊല്ലപ്പെട്ടത്.

വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റാണി. കുട്ടി പിതാവിനൊപ്പമാണ് താമസം. ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ മകൻ, കൈയിലിരുന്ന കോടാലി കൊണ്ട് അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാണിയെ അയല്‍ക്കാർ കുരുക്ഷേത്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്ന് ലഡ്‌വ ഡിവൈഎസ്പി രന്ധിർ സിങ് പറ‍ഞ്ഞു.


റാണിയുടെ മൂത്ത മകൻ വിദേശത്താണ്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൗമാരക്കാരനെ ഇത്ര വലിയ ക്രൂരതയിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.