+

കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19 കാരന്‍ മുമ്പും മോഷണം നടത്തി

പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുമ്പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പൊലീസിനോട് പറഞ്ഞു.

കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19 കാരനായ യുവാവിനെ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ പത്തൊമ്പതുകാരന്‍ അല്‍ സാബിത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 28 വയസുകാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നല്‍കാനായി സാബിത്ത് നേരത്തെയും ചെറിയ മോഷണങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

28കാരിയുമായി പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുമ്പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പൊലീസിനോട് പറഞ്ഞു. പല തവണ യുവാവ് മോഷണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ രൂപമാറ്റം വരുത്തിയെങ്കിലും സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സാബിത്ത് കുടുങ്ങുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിയുമായി കറങ്ങാനായിരുന്നുവത്രേ മോഷണം. സാബിത്ത് കാമുകിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് കാമുകിയെന്നും സാബിത്ത് പൊലീസിനോട് പറഞ്ഞു. പത്താം ക്ലാസ് വരെ മാത്രമാണ് സാബിത്തിന് വിദ്യാഭ്യാസം. മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് പായിപ്ര സ്വദേശിയായ യുവാവ് കാമുകിയുമായി കറങ്ങി നടന്നത്.

Trending :
facebook twitter