കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണപ്പിരിവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്

08:14 AM Jan 01, 2025 | Suchithra Sivadas

കലൂരില്‍ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്‌ട്രേഷന്‍ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം.


കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു. 

അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന് സംഘാടകര്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടും കോര്‍പ്പറേഷന്‍ സംഘാടര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.