ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിർദേശം നല്‍കി വിവിധ സുരക്ഷാ ഏജൻസികള്‍.ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെത്തുടർന്നാണിത്.
ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍ നടന്ന പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാഭീഷണി കൂടുതലാണെന്നും ശക്തമായ മുൻകരുതലെടുക്കണമെന്നും കേന്ദ്ര ഏജൻസികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദമായ നിർദേശം നല്‍കിയിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ച വേദിയും പൊതുജനങ്ങളുടെ വലിയ സാന്നിധ്യവും ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സുരക്ഷാ ഭീഷണിയുയർത്തുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' പ്രധാന ശ്രദ്ധാകേന്ദ്രമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിവരവും പോസ്റ്റ് ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുമായി വിവരങ്ങള്‍ പങ്കിടരുതെന്നും സംശയാസ്പദമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും എല്ലാ കണ്‍ട്രോള്‍ റൂം ജീവനക്കാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.