വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി ഉദയകുമാറിനെയാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്.
നിലവില്‍ കൊല്ലം വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജിയാണ് ഉദയകുമാര്‍. ആരോപണം ഉയര്‍ന്നതോടെയാണ് ഈ മാസം 20ന് ഉദയകുമാറിനെ ട്രൈബ്യൂണലിലേക്ക് സ്ഥലം മാറ്റിയത്. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 19ന് ചേംബറിലെത്തിയ വനിതാ കക്ഷിയോട് ഉദയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
തുടര്‍ന്ന് യുവതി കൊല്ലം പ്രിന്‍സിപ്പല്‍ ജഡ്ജിക്ക് പരാതി നല്‍കുകയും ഇത് ഹൈക്കോടതിക്ക് കൈമാറുകയുമായിരുന്നു. യുവതിയുടെ പരാതിയും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വി ഉദയകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.