മുംബൈ: മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയിൽ ജോലി സമയം വർധിപ്പിക്കാൻ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. 2017ലെ റെഗുലേഷൻ ഓഫ് എംപ്ലോയ്മെൻറ് ആൻറ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്ട് പ്രകാരം 9 മുതൽ 10 മണിക്കൂർ വരെയായി വർധിപ്പിക്കാനാണ് തീരുമാനം. ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, കടകൾ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ കുറിച്ച് പരാമർശിക്കുന്നതാണ് ഈ റെഗുലേഷൻ.
ചൊവ്വാഴ്ച കൂടിയ സംസ്ഥാന കാബിനറ്റ് കൂടിക്കാഴ്ചയിൽ ലേബർ ഡിപ്പാർട്മെൻറാണ് തീരുമാനം അവതരിപ്പിച്ചത്. 2017ലെ നിയമത്തിൽ 7 മാറ്റങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തൊഴിൽ സമയത്തിലെ മാറ്റമാണ്. റെഗുലേഷനിലെ സെക്ഷൻ12 പ്രകാരം ഒരാളും 10 മണിക്കൂറിനു മുകളിൽ ജോലി ചെയ്യേണ്ടതില്ലെന്ന് പറയുന്നു. ഒപ്പം അര മണിക്കൂർ വിശ്രമ വേള ഉണ്ടെങ്കിൽ മാത്രമേ 6 ണിക്കൂറിനുമുകളിൽ ജോലി ചെയ്യാൻ പാടുള്ളൂവെന്നും പറയുന്നു. നിലവിൽ ഇത് 5 മണിക്കൂറാണ്.
മൂന്നു മാസത്തിനുള്ളിൽ എടുക്കാവുന്ന ഓവർ ടൈം ജോലി സമയം 125ൽ നിന്ന് 144 മണിക്കൂർ ആക്കി ഉയർത്തിയിട്ടുണ്ട്. ഒരു ദിവസത്തെ പരമാവധി ഓവർടൈം 10 ൽ നിന്ന് 12 മണിക്കൂറായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. 20ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലാണ് ഇത് പ്രാവർത്തികമാവുക. നിലവിൽ ഇത് 10 ആണ്.
കഴിഞ്ഞ ജൂണിൽ ആന്ധ്രപ്രദേശ് സർക്കാറും തൊഴിൽ സമയം 10 മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു. ഇത് വ്യാപക വിമർശനത്തിന് കാരണമാവുകയും ചെയ്തു. തൊഴിലാളികളെ അടിമകളാക്കുന്നതാണ് തൊഴിൽ സമയ വർധനയെന്നായിരുന്നു വിമർശനം.