+

ഷിരൂര്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം ; അര്‍ജുന്‍ നീറുന്ന ഓര്‍മ്മ

മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരില്‍ അരങ്ങേറിയത്.

ഷിരൂര്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വര്‍ഷം. കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേയ്ക്കും മറുവശത്തുള്ള നദിയിലേയ്ക്കും കുത്തിയൊലിച്ച് പതിച്ചത്.

ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. അപ്പോഴും അര്‍ജുന്‍ അടക്കമുള്ളവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ അവ്യക്ത തുടര്‍ന്നു.

രക്ഷാദൗത്യം കാര്യക്ഷമമാക്കണമെന്നതില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സുദീര്‍ഘമായ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരില്‍ അരങ്ങേറിയത്. മൂന്നാം ഘട്ടത്തില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു.

മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷം പിന്നിടുമ്പോഴും ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ നിലവില്‍ കോടതിയില്‍ കേസ് ഉണ്ട്. ഇക്കാര്യത്തിലും സമവായമായിട്ടില്ല

facebook twitter