പാര്‍ട്ടി സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ തള്ളിയിട്ടു; നടൻ വിജയ്‌ക്കെതിരെ കേസ്

12:18 PM Aug 27, 2025 | Renjini kannur

നടൻ വിജയ്ക്കെതിരെ കേസെടുത്ത് പോലീസ്. വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്.വിജയ്യിന് പുറമെ ബൗണ്‍സർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്ബാളൂർ സ്വദേശിയായ ശരത് കുമാർ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്ബിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാർ റാമ്ബിലേക്ക് കയറാൻ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്‍സർമാർ തൂക്കിയെടുത്ത് റാമ്ബില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബർ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്ക്കൊപ്പമെത്തി ശരത് കുമാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

Trending :