
ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുൽ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തിൽ വ്യത്യസ്ത പുലർത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു പതിനൊന്നാമനായി ചുമതലയേറ്റ ഡോ. എപിജെ അബ്ദുള്‍ കലാമെന്ന് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാം. സന്ദർശന നിയമങ്ങൾ വകവെക്കാതെ അദ്ദേഹം സാധാരണ ജനങ്ങളെ പോലും സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെ വിരുന്നുകൾക്ക് ഉന്നതരെ മാത്രം ക്ഷണിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചു.
അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലത്താണ് ഏറ്റവും അധികം ആളുകൾ മുകൾ ഗാർഡനും രാഷ്ട്രപതി ഭവനം കാണാൻ ഒഴുകിയെത്തിയത്. പ്രകൃതി സ്നേഹത്തിന്റെ കാര്യത്തിലും അദ്ദേഹം മാതൃകയായിരുന്നു. അഗ്നി മിസൈലിന്റെ വിക്ഷേപണത്തിന്റെ വിജയം ആഘോഷിച്ചത് ഗവേഷണ കേന്ദ്രത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ്. രാഷ്ട്രപതിയായിരിക്കുമ്പോൾ തന്റെ പിറന്നാളുകൾ കുഗ്രാമങ്ങളിൽ ആഘോഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രപതി വരുമെന്നറിഞ്ഞാൽ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വേഗം മെച്ചപ്പെടുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ഡോ. എപിജെ കലാമിന്റെ സഹപ്രവർത്തകനായിരുന്ന ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യകാരനുമായ ഡോ. എപി ജയരാമൻ ഇങ്ങനെ അദ്ദേഹത്തെ അനുസ്മരിക്കുന്നു; ‘ഡോ. എ പി ജെ കലാമിന്റെ മരണശേഷം അനുസ്‌മരണ പ്രഭാഷണം മുറ തെറ്റാതെ ഞാൻ നടത്തിയിട്ടുണ്ട്. ഓരോ കൊല്ലവും ഓരോ പുതിയ അധ്യായംപോലെ ആയിരുന്നു സ്മരണകളുടെ പുസ്തകത്തിൽ. അദ്ദേഹത്തിന്റെ ആത്മീയതയും ലളിത ജീവിത ശൈലിയുമാണ് എന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞത്. അദ്ദേഹത്തിന്റെ ശുദ്ധമായ വിനയം, പാതയില്ലാത്ത പാതയിലെ അഗാധ വിശ്വാസം, എനിക്ക് ഓരോ വർഷവും പുതിയ പ്രചോദനമായിരുന്നതാണ്.’ ഡോ. എ പി ജെ അബ്ദുള്‍ കലാം ഇന്ന് നമ്മോടൊപ്പമില്ല. എന്നാല്‍ അദ്ദേഹം ഇവിടെ ഉപേക്ഷിച്ചുപോയ വാക്കുകള്‍ നമ്മെ നിത്യം പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു വഴിവെളിച്ചമായി അത് നമ്മെ മുന്നോട്ടു നയിക്കുന്നു.
വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുകയും അതുവഴി വികസനം സാധ്യമാവുകയും ചെയ്യുമ്പോൾ ശാസ്ത്രീയ ചിന്തയുടെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കുകയും അന്ധവിശ്വാസങ്ങൾ പതുക്കെ അകലുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു.
എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കുള്ളതാണെന്നും നിക്ഷിപ്ത താല്പര്യക്കാർ അവയെ തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. രാജ്യത്തെ ഞെട്ടിച്ച 2002ലെ ഗുജറാത്ത് കലാപം നടന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത്. ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ട, ലോകരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യ നാണംകെട്ട ആ കലാപഭൂമിയിലേക്കാണ് തന്റെ ആദ്യ ഔദ്യോഗിക യാത്രയെന്ന് അദ്ദേഹം നിശ്ചയിച്ചു. അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി യാത്ര അനിവാര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചു. അതിന് രാഷ്ട്രപതി പറഞ്ഞ മറുപടി ഇതായിരുന്നു; “ഇതെന്റെ ഒരു പ്രധാന കർത്തവ്യം ആണെന്നാണ് ഞാൻ കരുതുന്നത്. ഗുജറാത്തിലെ വേദനകൾക്ക് ഇതുവഴി കുറച്ചെങ്കിലും പരിഹാരം കാണാനായാൽ നല്ലത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. മനസുകൾ തമ്മിലുള്ള ഐക്യത്തിന് കരുത്തുണ്ടാവണം. അതാണ് എന്റെ യാത്രയുടെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിൽ ഞാനിത് എടുത്തു പറഞ്ഞിട്ടുള്ളതാണെന്നും ഓർമ്മിപ്പിച്ചു. ഇന്ത്യ കത്തിയെരിയുമ്പോൾതൻ്റെ സാമിപ്യം കൊണ്ടു തീ കെടുത്തിയ മഹാത്മ ഗാന്ധിജിയുടെ പാതയാണ് അബ്ദുൽ കലാമും പിൻതുടർന്നത് ഇന്ത്യയുടെ മനസിനേറ്റ മുറിവുണക്കാൻ സർവ്വജനങ്ങൾക്കിടെയിലും ഇറങ്ങി ചെന്നാൽ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.