+

പാലക്കാട് മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

മയക്കുമരുന്നുമായി പിടിയിലായ പ്രതികൾക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷംരൂപ വീതം പിഴയും ശിക്ഷ. തൃശൂർ ചാവക്കാട് വയലത്തൂർ നെരിയംപള്ളി

പാലക്കാട്: മയക്കുമരുന്നുമായി പിടിയിലായ പ്രതികൾക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷംരൂപ വീതം പിഴയും ശിക്ഷ. തൃശൂർ ചാവക്കാട് വയലത്തൂർ നെരിയംപള്ളി വീട്ടിൽ ഉമ്മർ ഹാരിസ് (31), തൃശൂർ ചാവക്കാട് വയലത്തൂർ വില്ലേജിൽ വടക്കേകാട് ദേശം ചൂൽപ്പുറത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (25) എന്നിവരെയാണ് പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടയ്ക്കാത്തപക്ഷം രണ്ട് വർഷം വീതം അധികതടവ് അനുഭവിക്കണം.

130 ഗ്രാം മെത്താംഫെറ്റാമിൻ കൈവശം വെച്ചതിനും ഗൂഢാലോചന നടത്തിയതിനുമായി എൻ.ഡി.പി.എസ് ആക്റ്റിന്റെ രണ്ടുവകുപ്പുകളിലായാണ് ശിക്ഷവിധിച്ചത്. ഓരോ വകുപ്പുകളിലും പ്രതികൾക്ക് 10 വർഷം വീതമാണ് കഠിന തടവ്. ഒരു ലക്ഷം രൂപ വീതം പിഴയും. പിഴതുക അടയ്ക്കാത്തപക്ഷം ഒരുവർഷംവീതം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. 2023 മാർച്ച് ആറിനാണ് പ്രതികളെ മെത്താഫെറ്റമിനുമായി പിടികൂടിയത്.

വാളയാർ ചെക്‌പോസ്റ്റ് മുൻവശം എക്‌സൈസ് ഇൻസ്‌പെക്ടർ എം. സുരേഷും പാർട്ടിയും ചേർന്നുള്ള വാഹനപരിശോധനക്കിടെ ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന ബസിൽ നിന്നാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിന്റെ അന്വേഷണവും അന്തിമ റിപ്പോർട്ട് സമർപ്പണവും നിർവ്വഹിച്ചത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സുരേഷാണ്. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും, 33 രേഖകൾ തെളിവിലേക്കായി എടുക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്‌പെഷൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

facebook twitter