ബിഹാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ബിഹാറിലെ മുസാഫർപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, ‘വോട്ട് ചോറി’ എന്ന തട്ടിപ്പ് ബിജെപിയുടെ ഗുജറാത്ത് മോഡലിന്റെ ഭാഗമാണെന്നും, അവർ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് ജനങ്ങളുടെ വോട്ട് മോഷ്ടിച്ചുകൊണ്ടാണെന്നും രാഹുൽ ആരോപിച്ചു.
“2014-ലാണ് ‘വോട്ട് ചോറി’ ആരംഭിച്ചത്, അതിനുശേഷം ബി.ജെ.പി. അത് ദേശീയതലത്തിലേക്ക് കൊണ്ടുവന്നു. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അവർ മോഷ്ടിച്ചു,” രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടിയോളം വോട്ടുകൾ അനധികൃതമായി കൂട്ടിച്ചേർത്ത് ബിജെപിക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി മോദിയും അമിത് ഷായും വോട്ടുകൾ മോഷ്ടിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് ഒത്താശ ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അടുത്ത 40 വർഷത്തേക്ക് ബിജെപി അധികാരത്തിൽ തുടരുമെന്ന അമിത് ഷായുടെ പ്രസ്താവന, ‘വോട്ട് ചോറി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവാണ് കാണിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.