സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും ഭാര്യയും പിടിയില്‍

10:01 AM Aug 08, 2025 | Renjini kannur

കൊല്ലം:കിളികൊല്ലൂർ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡില്‍ അതിർത്തിയോട് ചേർന്ന് തമിഴ്നാട് ധർമ്മപുരി തോപ്പൂരില്‍ നിന്ന് പിടികൂടിയത്.

കേരള പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തോപ്പൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇന്നലെ വൈകിട്ട് 3.30ന് കണ്ടെത്തിയത്.സ്ഥിരമായി ലഹരിക്കുറ്റങ്ങളില്‍ ഏർപ്പെടുന്നവരെ കരുതല്‍ തടങ്കലിലടയ്ക്കാനുള്ള പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കഴിഞ്ഞ 4ന് രാത്രിയാണ് അജുവിനെ പിടികൂടിയത്.

കസ്റ്റഡിയിലിരിക്കെ 5ന് വൈകിട്ട് 4ന് വിവിധ ഫോമുകളില്‍ ഒപ്പിടീക്കുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തുനിന്ന ബിൻഷയോടൊപ്പം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇരുവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എം.ഡി.എം.എ കേസില്‍ ബിൻഷയും നേരത്തെ പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് കൊല്ലത്ത് എത്തിക്കും.