AMMA-യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ല - നടി ഭാവന

02:41 PM Aug 25, 2025 | Kavya Ramachandran

AMMA- താര സംഘടനയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ AMMA-യില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന AMMA പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന.

താര സംഘടനയായ AMMA-യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടത്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ എക്സിക്യൂട്ടീവ് യോഗം നല്ല രീതിയില്‍ നടന്നെന്ന് അവർ പറഞ്ഞിരുന്നു. വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നും അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയില്‍ വന്നെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അവർ പറഞ്ഞു.