
മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2025 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ 12-ന് മുതല്‍ ലഭിക്കും. നവംബര്‍ 30-വരെ iimcat.ac.in എന്ന വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാം. കോഴിക്കോട് ഐഐഎം ആണ് ഈ വര്‍ഷത്തെ കാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. ആദ്യം നല്‍കിയ അറിയിപ്പനുസരിച്ച് നവംബര്‍ അഞ്ചിന് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കും എന്നായിരുന്നു അറിയിച്ചിരുന്നത്.
ഈ വര്‍ഷം 2.95 ലക്ഷം വിദ്യാര്‍ഥികള്‍ കാറ്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.07 ലക്ഷം വനിതകളും അഞ്ച് ട്രാന്‍സ് ജെന്‍ഡറുകളും ഉള്‍പ്പടെ 2.93 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. 120 മിനിറ്റുള്ള കാറ്റ് പരീക്ഷ നവംബര്‍ മുപ്പതിന് മൂന്ന് സെഷനായി നടത്തും. ആവശ്യമെങ്കില്‍ പരീക്ഷാ തീയതിയും സമയവും മാറ്റാന്‍ ഐഐഎമ്മുകള്‍ക്ക് അധികാരമുണ്ടെന്ന് ഐഐഎം കോഴിക്കോട് അറിയിച്ചിട്ടുണ്ട്.
വിവിധ ബിരുദാനന്തര ബിരുദ, ഫെല്ലോ/ഡോക്ടറല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡമായിട്ടാണ് കാറ്റ് പരീക്ഷ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഐഐഎം ഇതര സ്ഥാപനങ്ങലിലേക്കുള്ള പ്രവേശനത്തിനും കാറ്റ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാറുണ്ട്. അത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് കാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഏകദേശം 170 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിംഗ് കോംപ്രിഹെന്‍ഷന്‍ (VARC), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (QA), ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിംഗ് (DILR) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കാറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികളെ വിലയിരുത്തുന്നത്. പരീക്ഷാ രീതിയെക്കുറിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി നവംബര്‍ 12 മുതല്‍ മാതൃകാ ചോദ്യങ്ങളടങ്ങിയ മോക്ക് ടെസ്റ്റ് കാറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് iimcat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.