കണ്ണൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്‌ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. ആദ്യ സീസണില്‍ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട് പന്ത് തട്ടിയ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ടാം സീസണില്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍.
കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. വൈകീട്ട് 6.00 മണിക്ക് തന്നെ റെഡ് മറൈനേഴ്‌സ് ആരാധക കൂട്ടായ്മയുടെ മറൈനേഴ്‌സ് ഫോര്‍ട്ടില്‍ നിറഞ്ഞു തുടങ്ങി. കളി ആരംഭിക്കുമ്പോഴേക്കും ഗ്യാലറികളും നിറഞ്ഞിരുന്നു.
ചെണ്ടമേളവും ഫയര്‍ ഡാന്‍സും വെടിക്കട്ടുമായി ഉത്സവമാക്കി കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. ടീം ലൈനപ്പ് ചെയ്യുമ്പോള്‍ റെഡ് മറൈനേഴ്‌സ് കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി. കണ്ണൂരിനെ പൈതൃകത്തെ ഓര്‍്മ്മപ്പെടുത്തുന്നതായിരുന്നു ബാനര്‍. കളി തുടങ്ങിയതും ബാന്റടി മേളമായി ആഘോഷം തുടങ്ങി. ഗ്യാലറിയില്‍ മുട്ടിപ്പാട്ടുമുണ്ടായിരുന്നു. തൃശൂര്‍ മാജിക് എഫ്‌സിയുടെ ചുരുക്കം ആരാധകര്‍ മാത്രമാണ് കളിക്കാണാനെത്തിയത്. ആദ്യ പകുതിയുടെ ഇടവേളയില്‍ കണ്ണര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ രണ്ട് കുട്ടികള്‍ പന്ത് കൊണ്ട് ഫ്രീസ്റ്റൈലും നടത്തി.

കളിക്കാരെ പരിചയപ്പെട്ടു
സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയങ്ങള്‍, പുരാവസ്തു, ആര്‍ക്കൈവ്‌സ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ മെയര്‍ മുസ്‌ലിഹ് മഠത്തില്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, വൈസ് പ്രസിഡന്റ് പി.വി പവിത്രന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ചെയര്‍മാന്‍ ഡോ. എ.പി. ഹസ്സന്‍ കുഞ്ഞി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൈതാനമധ്യത്തിലേക്ക് വന്നത്. പ്രീ മാച്ച് സെറിമണിയില്‍ ദേശീയഗാനത്തിനായി മന്തിയും മേയറും കളിക്കാര്‍ക്കൊപ്പം അണിനിരന്നു. ഹസ്ദാനവും നടത്തി.
ലുക്കായി ലുക്ക്മാന്‍
മത്സരത്തില്‍ ആരാധകര്‍ക്ക് ആവേശമായി സിനിമാ താരം ലുക്മാന്‍ അവറാനും അധിഭീകരകാമുകന്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുമെത്തി. ആദ്യ പകുതിയുടെ ഇടവേളയില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംങും ലുക്മാന്‍ അവറാനും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നടത്തി. റോബിന്‍ കണ്ണൂര്‍ ജി്ല്ലയെ പ്രതിനിധീകരിച്ചപ്പോള്‍ ലുക്ക്മാന്‍ സ്വന്തം സ്വദേശമായ മലപ്പുറത്തിന് വേണ്ടി പെനാല്‍റ്റി അടിച്ചു. ആദ്യ കിക്കുകള്‍ രണ്ട് പേരുകളും ഗോളാക്കി മാറ്റി. രണ്ടാം കിക്കില്‍ ലുക്മാന്‍ പോസ്റ്റിലടിച്ചു. റോബിന്‍ ഗോളാക്കി മാറ്റി. തുടര്‍ന്ന് ലുക്മാന്‍ ഗ്യാലറിയ ഇളക്കി മറിച്ച് വലയം ചെയ്യ്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഒഫീഷ്യല്‍ മാസ്‌ക്കോട്ട് വീരനും കൂടെയുണ്ടായിരുന്നു. അടുത്ത മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി നവംബര്‍ 10 ന് തിങ്കളഴാഴ്ച തിരുവനന്തപുരം കൊമ്പന്‍സിനെ ജവഹര്‍ സ്റ്റേഡിയത്തില്‍ നേരിടും.