കണ്ണൂര്‍: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാൻ അധികാരമുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ നിലപാട് തികഞ്ഞ അൽപ്പത്തരമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. സർക്കാർ പരിപാടികളിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് മറ്റാർക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണം.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പിണറായി സർക്കാർ ക്ഷണിച്ച് വേദിയിലിരുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ വേദിയില്‍ കയറിയതിന്റെ പേരില്‍ വിവാദമുണ്ടാക്കിയ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയിലാണ് ക്ഷണിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിൽ സ്ഥാനം പിടിച്ചത്. മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണമില്ലാതെയാണ് സിപിഎം ജില്ലാ സെക്രട്ടറി വലിഞ്ഞു കയറിയത്.സർക്കാർ പരിപാടികളിലെ പ്രോട്ടോക്കോള്‍ ഒന്നും സി പി എമ്മിന് ബാധകമല്ലേ എന്ന് ചടങ്ങിനെ നിയന്ത്രിച്ച മന്ത്രി മുഹമ്മദ് റിയാസാണ് വ്യക്തമാക്കേണ്ടത്.
മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് കെ.കെ.രാഗേഷിനെ ക്ഷണിച്ചിട്ടില്ലെന്ന് ഡിടിപിസിയും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെങ്കിലും വലിഞ്ഞു കയറി ഇരിക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് ധാർഷ്ട്യമാണ്.
പരിപാടി സംബന്ധിച്ചു പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പില്‍ മുന്‍ എംപി എന്നാണു കെ.കെ.രാഗേഷിന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര വകുപ്പ് നടത്തിയ പരിപാടിയിലേക്കു മുന്‍ എംപിയെന്ന നിലയ്‌ക്കും രാഗേഷിനെ ക്ഷണിച്ചിട്ടില്ലെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന പരിപാടിയിൽ ബി ജെ പി സംസ്ഥാന പ്രസിഡൻ്റിന് വേദിയിൽ ഇരിപ്പിടം വേണമെന്ന് നിർബന്ധം പിടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും വേദിയിൽ ഇരിപ്പിടം ഒരുക്കണമെന്ന് തിട്ടൂരമിറക്കിയാൽ വലിഞ്ഞു കയറിയിരിക്കുന്ന അപഹാസ്യമായ നടപടി മാറിക്കിട്ടുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.