സൗജന്യമായി മട്ടൻ നൽകിയില്ല; ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരന്‍

02:59 PM Feb 10, 2025 | Litty Peter

ചെന്നൈ: സൗജന്യമായി മട്ടൻ നല്‍കാത്തതിന്റെ വിരോധത്തില്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരന്‍. തമിഴ്‌നാട്ടിലെ തേനിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് മണിയരശന്‍ എന്നയാളുടെ ഇറച്ചിക്കടയ്ക്ക് മുന്നിൽ അഴുകിയ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

മണിയരശന്റെ 'സംഗീത മട്ടണ്‍സ്റ്റാളി'ൽ നാലുവര്‍ഷം മുമ്പ് പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍ പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.