ഡൽഹിയിൽ വായുമലിനീകരണ തോതിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 300-ൽ താഴെയാണ്. അതേസമയം, ആനന്ദ് വിഹാറിൽ മാത്രമാണ് എ.ക്യു.ഐ. 350-ന് മുകളിൽ രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി, ഈ മാസം 29-ന് ഡൽഹിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു.
ക്ലൗഡ് സീഡിങ്ങിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, ഒക്ടോബർ 28-നും 30-നും ഇടയിലാണ് ക്ലൗഡ് സീഡിങ്ങിന് അനുകൂല സാഹചര്യമുള്ളത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ നടപടിയിലൂടെ വായുവിലെ മാലിന്യം കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.