പൊതു ഇടങ്ങളിൽ പോലും ആരാധകരുടെ സ്വകാര്യതയിലേക്കുള്ള ഇടിച്ചു കയറ്റാതെ കുറിച്ച് പ്രതികരിച്ച തമിഴ് സൂപ്പർ താരം അജിത്ത്. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും, റേസിംഗ് കരിയറിനെ കുറിച്ചും ആരാധകരുമായുള്ള ബന്ധത്തെ പറ്റിയും അദ്ദേഹം വാചാലനായി.
“ആരാധകരുടെ സ്നേഹത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും, പക്ഷെ എന്റെ കുടുംബത്തിനൊപ്പം സമാധാനത്തോടെയൊന്ന് പുറത്തിറങ്ങാൻ സാധിക്കാത്തതും അവർ കാരണമാണെന്ന് പറയേണ്ടി വരും, ഈ പ്രശസ്തി എന്നാൽ രണ്ടറ്റം മൂർച്ചയുള്ള വാൾ പോലെയാണ് അത് നിങ്ങൾക്ക് സുഖവും നല്ല ജീവിത രീതിയും ഒക്കെ സമ്മാനിക്കും, എന്നാൽ നമുക്ക് ഏറ്റവും വേണ്ടുന്ന പല കാര്യങ്ങളും അത് അപഹരിക്കും” അജിത്ത് കുമാർ പറയുന്നു.
ഒരു താരമായുള്ള തന്റെ ജീവിത ശൈലി കണ്ട തന്റെ കുട്ടികൾ താങ്കൾക്കൊരു സാധാരണ അച്ഛനായിക്കൂടെയെന്ന് ചോദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ക്ഷേത്ര സന്ദർശനത്തിനിടയിൽ തന്നെ കണ്ട് ആർത്തു വിളിച്ച ആരാധകരോട് അജിത്ത് നിശ്ശബ്ദരാകാൻ ആവശ്യപ്പെടുന്ന വീഡിയോ വൈറൽ ആയിരുന്നു.
ബാഴ്സലോണയിൽ നടന്ന കാറോട്ട മത്സരത്തിൽ അജിത്ത് കുമാർ റേസിംഗ് ടീം മൂന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലായിരുന്നു താരം. റേസിംഗ് ഒരു വമ്പൻ കായിക ഇനമാണ്. റേസിംഗ് ഡ്രൈവർമാരെ പോരാളികളെ പോലെയാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാൽ അവരോരുത്തരും ആ കാറിനുള്ളിലേയ്ക്ക് കയറുന്നത് ഒരുപാട് ഇൻസെക്യൂരിറ്റികളും ഉത്കണ്ഠയും വെച്ചുകൊണ്ടാണ്” അജിത്ത് കുമാർ പറഞ്ഞു.