‘ കേരളത്തിൽ കൊടുക്കുന്ന മുഴുവൻ അരിയും മോദിയുടേത് ; ഒരുമണി അരിപോലും പിണറായി വിജയൻ്റേതായി ഇല്ല ; ജോര്‍ജ് കുര്യൻ

11:10 PM Aug 26, 2025 |


കൊച്ചി; ∙ കേരളത്തിലെ റേഷൻ കടകളിൽ കൊടുക്കുന്ന അരിയില്‍ ഒരു മണി പോലും പിണറായി വിജയന്റെ അരി ഇല്ല, എല്ലാം ‘മോദി അരി’യാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എന്നാൽ ജനങ്ങളുടെ അവകാശമാണ് എന്നതുകൊണ്ടാണ് അരി തരുന്ന തങ്ങൾക്ക് വോട്ട് തരണമെന്ന് പറയാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേകമായി ഭക്ഷ്യധാന്യം അനുവദിച്ചില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണെന്നും ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. 

Trending :

കേന്ദ്രം ഒരുമാസം സംസ്ഥാനത്തിന് 1,18,784 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു. ‘‘ഭക്ഷ്യസുരക്ഷാ പദ്ധതി ഇനത്തിൽ 69,831 മെട്രിക് ടൺ അരിയും 15,629 മെട്രിക് ടൺ ഗോതമ്പും നല്‍കുന്നുണ്ട്. ടൈഡ് ഓവർ അനുസരിച്ച് 33,294 മെട്രിക് ടൺ ഭക്ഷ്യധാന്യവും നൽകുന്നു. ഇതിൽ 2022 ജൂണ്‍ വരെ നല്‍കിയത് 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ്. എന്നാൽ കേരളത്തിൽ ഗോതമ്പല്ല, അരിയാണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് 2022ൽ പറഞ്ഞതനുസരിച്ച് മുഴുവൻ അരിയായി കൊടുക്കുന്നു. ടൈഡ് ഓവറിൽ അരി സംസ്ഥാനത്തിന് നൽകുന്നത് 8.30 രൂപയ്ക്കാണ്. കേരളത്തിൽ ഇത് വ്യത്യസ്ത നിരക്കിൽ കൊടുക്കുന്നു’’ – ജോർജ് കുര്യൻ പറഞ്ഞു.