‘ഭാര്യമുഖാവരണം ധരിക്കാത്തത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ല’ : അലഹബാദ് ഹൈക്കോടതി

03:20 PM Jan 04, 2025 | Neha Nair

ഡൽഹി: ഭാര്യ സ്വയം പര്യാപ്തയാകുന്നതും മുഖാവരണം ധരിക്കാത്തതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് സൗമിത്ര ദായൽ സിങ്, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

കീഴ്‌ക്കോടതി വിവാഹമോചനം തള്ളിയ ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതി. 23 വർഷമായി ഇരുവരും അകന്ന് താമസിക്കുന്നതിനാൽ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചിട്ടുണ്ട്. 1990 ഫെബ്രുവരി 26നായിരുന്നു ഇരുവരുടേയും വിവാഹം. 1995ൽ ഇരുവർക്കും കുഞ്ഞുണ്ടായി.

അതിനുശേഷം 23 വർഷക്കാലമായി ദമ്പതികൾ അകന്നാണ് താമസിച്ചിരുന്നത്. ഭാര്യ തനിയെ പുറത്ത് പോകുന്നതും സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതും യുവാവിനെ മാനസികമായി തളർത്തുന്നതിന് തുല്യമാണെന്ന് യുവാവ് വാദിച്ചു.

23 വർഷമായി അകന്ന് താമസിക്കുന്നതിനാൽ ഇനി കൂടിചേരാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചത്.