അമേരിക്കയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

09:12 PM May 14, 2025 |


വാഷിംങ്ടൺ : അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 23 വയസ്സുള്ള സൗരവ് പ്രഭാകറും 20 വയസ്സുള്ള മാനവ് പട്ടേലുമാണ് മരിച്ചത്. ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടേൺപൈക്കിൽ മേയ് 10നായിരുന്നു സംഭവം.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസിന്റെ (പി.എസ്.പി) റിപ്പോർട്ടുകൾ പ്രകാരം കാർ റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിൽ ഇടിക്കുകയും പിന്നീട് ഒരു പാലത്തിൽ ഇടിക്കുകയും ചെയ്തു. ഒന്നിലധികം ആഘാതങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മുൻ സീറ്റിലെ യാത്രക്കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻറെ കാരണം കണ്ടെത്തുന്നതിനായി പി.എസ്.പിയുടെ ഫോറൻസിക് സർവീസസ് യൂനിറ്റ് അന്വേഷണത്തിൽ സഹായിച്ചു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രണ്ട് വിദ്യാർഥികളും ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ പഠനം നടത്തുന്നവരാമെന്ന് സ്ഥിരീകരിച്ചു. കോൺസുലേറ്റ് കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.