+

ഹെല്‍മറ്റ് കൊണ്ട് അയല്‍വാസിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഹെല്‍മറ്റ് കൊണ്ട് അയല്‍വാസിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചൻ റോഡില്‍ ചെറുകാണ്ടി വീട്ടില്‍ 85 കാരനായ ദേവദാസനാണ് ചികിത്സയിലിരിക്കെ മരിച്ചത്

കോഴിക്കോട്: ഹെല്‍മറ്റ് കൊണ്ട് അയല്‍വാസിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചൻ റോഡില്‍ ചെറുകാണ്ടി വീട്ടില്‍ 85 കാരനായ ദേവദാസനാണ് ചികിത്സയിലിരിക്കെ മരിച്ചത്.അയല്‍വാസിയായ എരഞ്ഞിപ്പാലം ചേനാംവയല്‍ വീട്ടില്‍ അജയ്‌ ആണ് വയോധികനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. നടക്കാവ് പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

ജൂണ്‍ 26ന് വൈകീട്ട് 6.30നാണ് സംഭവം. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിലൂടെ ദേവദാസനും അജയും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതിനിടെ, അജയ് ഹെല്‍മറ്റ് കൊണ്ട് ദേവദാസിനെ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന്, ദേവദാസൻ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി മകൻ ബേബി കിഷോറിന്റെ മൊഴി രേഖപ്പെടുത്തി അജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ അജയ്ക്ക് കോടതി ജാമ്യമനുവദിച്ചു. ഇതിനിടെയാണ് ചികിത്സയിലായിരുന്ന ദേവദാസൻ ശനിയാഴ്ച രാവിലെ മരിച്ചത്.

Trending :
facebook twitter