ഹോളിവുഡ് സിനിമകളിലെ ശക്തമായ നായികയാണ് ആഞ്ജലീന ജോളി. എന്നാല്‍ വെള്ളിത്തിരയിലെ കഥകള്‍ക്കപ്പുറം, അവരുടെ ജീവിതത്തിലും വലിയൊരു വഴിത്തിരിവ് സംഭവിക്കാന്‍ പോകുന്നു. തന്റെ ലോസ് ഏഞ്ചല്‍സിലെ കൊട്ടാരം പോലുള്ള വീട് വിറ്റ് അമേരിക്ക വിട്ട് മറ്റൊരു രാജ്യത്തേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ് ആഞ്ജലീന എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്രയും വലിയൊരു തീരുമാനമെടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചത് അവരുടെ മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായിട്ടുള്ള വിവാഹമോചനമാണ്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കുട്ടികളുടെ കാര്യങ്ങള്‍ക്കായി ലോസ് ഏഞ്ചല്‍സില്‍ നിര്‍ബന്ധപൂര്‍വ്വം കഴിയേണ്ടി വന്നുവെന്ന് ആഞ്ജലീന തന്നെ തുറന്നു പറഞ്ഞിരുന്നു.
''ഞാന്‍ ഇവിടെ ജീവിക്കുന്നത് എന്റെ ഇഷ്ടത്തിനല്ല, വിവാഹമോചനം കാരണം ഇവിടെ കഴിയാന്‍ നിര്‍ബന്ധിതയായി,' എന്നായിരുന്നു അവരുടെ വാക്കുകള്‍. അടുത്ത വര്‍ഷം അവരുടെ ഇരട്ടക്കുട്ടികളായ നോക്സിനും വിവിയനും 18 വയസ്സ് തികയുന്നതോടെ, നിയമപരമായ തടസ്സങ്ങള്‍ മാറും. അതോടെ ലോകത്തിലെ തനിക്കിഷ്ടമുള്ള ഏത് സ്ഥലത്തേക്കും പറക്കാന്‍ ആഞ്ജലീനയ്ക്ക് സാധിക്കും.
ലോസ് ഏഞ്ചല്‍സിലെ തിരക്കിട്ടതും യാന്ത്രികവുമായ ജീവിതം മടുത്തുവെന്നും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താന്‍ അനുഭവിച്ച ''മനുഷ്യത്വം' ഇവിടെ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. 2017ല്‍ 24.5 മില്യണ്‍ ഡോളറിന് വാങ്ങിയ അവരുടെ ആഡംബര വസതി ഇപ്പോള്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ആഡംബരത്തിന്റെ പ്രതീകമായ ആ വീടിന് ആറ് കിടപ്പുമുറികളും പത്ത് കുളിമുറികളുമുണ്ട്.