എ ഐ മോഡലുകളുടെ ചുമതലയുള്ള ആപ്പിളിലെ ഉന്നത ഉദ്യോഗസ്ഥൻ മെറ്റയിലേക്ക് ചേക്കേറുന്നു. എ.ഐ രംഗത്ത് മുന്നേറാനുള്ള ഐഫോൺ നിർമ്മാതാക്കളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഫൗണ്ടേഷൻ മോഡൽ ടീമിന്റെ ചുമതലയുള്ള മുതിർന്ന എഞ്ചിനീയറും മാനേജരുമായ റുവോമിംഗ് പാങ് ആണ് മെറ്റയിലേക്ക് പോകുന്നത്. 2021-ൽ ആൽഫബെറ്റിൽ നിന്ന് ആപ്പിളിൽ ചേർന്ന പാങ് മെറ്റയുടെ പുതിയ സൂപ്പർഇന്റലിജൻസ് ഗ്രൂപ്പിലെ അംഗമാകുമെന്നാണ് വിവരം. കോടിക്കണക്കിന് ഡോളറിന്റെ പാക്കേജ് വാഗ്ദാനം ചെയ്താണ് മെറ്റ പാങ്ങിനെ സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
ആപ്പിൾ ഇന്റലിജൻസിനെയും കമ്പനിയുടെ ഉപകരണങ്ങളിലെ എഐ ഫീച്ചറുകളെയും പിൻതുണയ്ക്കുന്ന ലാംഗ്വേജ് മോഡലുകളുടെ ചുമതലയുള്ള ഏകദേശം 100 പേരടങ്ങുന്ന ഒരു ടീമിനെയാണ് പാങ് നയിച്ചിരുന്നത്. ആപ്പിളിന്റെ എഐ വിഭാഗത്തിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട കൊഴിഞ്ഞുപോക്കാണ് പാങ്ങിന്റേതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌കെയിൽ എ ഐയുടെ അലക്‌സാണ്ടർ വാങ്, സ്റ്റാർട്ടപ്പ് സ്ഥാപകൻ ഡാനിയേൽ ഗ്രോസ്, മുൻ ഗിറ്റ്ഹബ് CEO നാറ്റ് ഫ്രീഡ്മാൻ എന്നിവരുൾപ്പെടെയുള്ള എഐ രംഗത്തെ പ്രമുഖരെ മാർക്ക് സക്കർബർഗ് അടുത്തിടെ സ്വന്തം കമ്പനിയിലെത്തിച്ചിരുന്നു. ലോകത്തിലെ മികച്ച എഞ്ചിനീയർമാർക്ക് പ്രതിവർഷം കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഫറുകളാണ് മെറ്റ നൽകുന്നത്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ നൽകുന്നതിനേക്കാൾ വളരെ ഉയർന്ന പാക്കേജുകളാണ് അവ.