കണ്ണൂർ : കണ്ണൂരിൽ കോൺഗ്രസ് പരിപാടിയിൽ നിന്നും മുൻ കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായ കെ. സുധാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂലായ് 14 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് കെ.പി.സി.സി നിർദ്ദേശപ്രകാരം സമരസംഗമം നടത്തുന്നത്.
എന്നാൽ സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിലാണ് സുധാകര അനുകൂലികളിൽ അമർഷം പുകയുന്നത്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവരുടെ മുഖങ്ങൾ വലുതായും യു.ഡി. എഫ് കൺവീനർ അടൂർ പ്രകാശ്, പി.സി വിഷ്ണുനാഥ്, അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ മുഖങ്ങൾ ചെറുതായുമാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്.
എന്നാൽ ഇതിൽ നിന്നും കണ്ണൂർ എംപിയായിട്ട് കൂടിയും കെ. സുധാകരനെ ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് സുധാകര അനുകൂലികൾ പറയുന്നത്. ഇതിനെതിരപരസ്യ പ്രതിഷേധവുമായി സുധാകരൻ്റെ പേഴ്സണൽ സ്റ്റാഫടക്കം രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയാലും കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ഇദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഷേധത്തെ തുടർന്ന് പഴയ പോസ്റ്റർ പിൻവലിച്ചിട്ടുണ്ട്.
പുതിയ പോസ്റ്റർ തയ്യാറാക്കി കണ്ണൂർ ഡിസിസി പരസ്യപ്പെടുത്തിയിട്ടുണ്ട്. പുതിയ പോസ്റ്ററിൽ ദേശീയ നേതാക്കൾക്കൊപ്പം സുധാകരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 14 ന് നടക്കുന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിനെ സംബന്ധിച്ചാണ് പ്രതിഷേധം ഉണ്ടായത്. കെ സുധാകരൻ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.
അദ്ദേഹത്തിന്റെ ജില്ലയിൽ പാർട്ടിയുടെ സമരപരിപാടി നടക്കുമ്പോൾ പോസ്റ്ററിൽ ആ തല ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയും. പക്ഷെ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ളവർ ആരും ജനിച്ചിട്ടില്ലെന്നുമായിരുന്നു സുധാകര അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യപരമായ കാരണങ്ങളാൽ തോട്ടട നടാലിലെ വീട്ടിൽ ചികിത്സയിലാണ് കെ. സുധാകരൻ.