അറബ് ഇസ്ലാമിക് ഉച്ചകോടി: മന്ത്രിതല തയ്യാറെടുപ്പ് യോഗം ദോഹയില്‍ ചേര്‍ന്നു

01:08 PM Sep 15, 2025 | Suchithra Sivadas

അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച ദോഹയില്‍ ചേര്‍ന്നു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അറബ് ലീഗിലെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെയും (ഒഐസി) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മറ്റു ഉന്നതരും പങ്കെടുത്തു.

മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തില്‍ രൂപം നല്‍കിയ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി അവലോകനം ചെയ്യും. സെപ്റ്റംബര്‍ 9 ന് ഹമാസ് നേതാക്കളുടെ താമസ സ്ഥലമായ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെയുള്ള നിലപാട് ഉച്ചകോടി കൈക്കൊള്ളും. ആക്രമണത്തില്‍ ഖത്തര്‍ ആഭ്യന്തര സേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖത്തറിനുള്ള വിശാലമായ ഐക്യദാര്‍ഢ്യം കൂടിയായിരിക്കും ഉച്ചകോടി. അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധേയമാകുന്ന ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ-അന്തര്‍ ദേശീയ മാധ്യമ സ്ഥാപനങ്ങളിലെയും വാര്‍ത്താ ഏജന്‍സികളിലെയും 200 ലേറെ മാധ്യമ പ്രവര്‍ത്തകര്‍ ദോഹയിലെത്തിയിട്ടുണ്ട്.