അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന

07:00 AM May 05, 2025 | Suchithra Sivadas

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു.

രാത്രി 9 നും 9.30 നും ഇടയിലായിരുന്നു മോക് ഡ്രില്‍. പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പിഎസ്പിസിഎല്‍) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു മോക്ക് ഡ്രില്ലെന്ന് ഫിറോസ്പൂര്‍ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുര്‍ജന്ത് സിംഗ് പറഞ്ഞു. ലൈറ്റുകള്‍ പൂര്‍ണമായും ഓഫ് ചെയ്തു. വാഹനങ്ങളുടെ ലൈറ്റും ഓഫാക്കി. പൂര്‍ണമായും ഇരുട്ടത്തായിരുന്നു മോക്ക് ഡ്രില്‍. എല്ലാ കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു.

പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ്ശിഖ ശര്‍മ്മ പറഞ്ഞു.അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാന്‍ സജ്ജമാണെന്നും   ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു