ജമ്മു: പാക് അധീന കശ്മീരിൽ ലീപ താഴ്വരയിലെ ഭീകരതാവളം ഇന്ത്യൻ സേനയുടെ ചിനാർ കോർസ് നീക്കത്തിൽ സമ്പൂർണമായി തകർത്തതായി സേന.
കെട്ടിടങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും നിർമിക്കാൻ എട്ടു മാസം മുതൽ ഒരു വർഷം വരെയെങ്കിലും വേണ്ടിവരും. ഓപറേഷൻ സിന്ദൂറിനിടെ പാക് സൈനിക സംവിധാനത്തിനേറ്റ തിരിച്ചടിയും നാശവും വ്യാപകമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
‘‘മൂന്ന് പാക് സൈനിക പോസ്റ്റുകൾ നാം പൂർണമായി തകർത്തു. ഒരു സ്ഫോടക വസ്തു സംഭരണ കേന്ദ്രം, ഇന്ധന സംഭരണ കേന്ദ്രം തുടങ്ങിയവയും തകർത്തു. ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്താൻ അതിർത്തിയോട് ചേർന്ന് ഒരുക്കിയ വൻ ആയുധ സന്നാഹം പ്രയോഗിക്കാനാകാത്ത വിധം നശിപ്പിച്ചു. ആകാശ്ദീപ് റഡാർ സംവിധാനം മികവുകാട്ടി. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് കേന്ദ്രങ്ങൾക്കുമേൽ വൻ ആക്രമണം നടത്തി. രാജ്യത്തിന്റെ സൈനിക അടിസ്ഥാന മേഖല പരിക്കുപറ്റാതെ നിലയുറപ്പിച്ചപ്പോൾ പാകിസ്താന് വൻ തിരിച്ചടി ലഭിച്ചു’’- മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.