
കേന്ദ്ര പ്രതിരോധ സേനയുടെ ഭാഗമായ തീരദേശ സംരക്ഷണ സേനയിൽ അസിസ്റ്റന്റ് കമാൻഡൻഡന്റുമാർക്ക് ഒഴിവ് . ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിൽ 2027 ബാച്ചിലേക്കാണ് നിയമനം. ഗ്രൂപ് എ ഗസറ്റഡ് ഓഫിസർ തസ്തികയാണിത്. ഊർജസ്വലരായ യുവാക്കൾക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in ൽ ലഭിക്കും.
ഒഴിവുകൾ: ആകെ 170. ജനറൽ ഡ്യൂട്ടി (ജിഡി)-140 ; ടെക്നിക്കൽ (എൻജിനീയറിങ്/ഇലക്ട്രിക്കൽ)-30. അടിസ്ഥാന ശമ്പളം 56,100 രൂപ. താമസ സൗകര്യം, ചികിത്സസഹായം, സൗജന്യ റേഷൻ, കാന്റീൻ സൗകര്യം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യത: അസിസ്റ്റന്റ് കമാൻഡന്റ് ജനറൽ ഡ്യൂട്ടി- അംഗീകൃത സർവകലാശാല ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഡിപ്ലോമക്കുശേഷം ബിരുദം പൂർത്തിയാക്കിയവരെയും പരിഗണിക്കും. ഡിപ്ലോമയുടെ കരിക്കുലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും അടങ്ങിയിരിക്കണം.
എ.സി- ടെക്നിക്കൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) - ബി.ഇ/ബി.ടെക് (നേവൽ ആർക്കിടെക്ചർ/ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമോട്ടിവ്/ മെക്കാട്രോണിക്സ്/ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/ മെറ്റലർജി/ഡിസൈൻ/എയ്റോനോട്ടിക്കൽ / എയ്റോസ്പേസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 2026 ജൂലൈ ഒന്നിന് 21-25 വയസ്സ് (2001 ജൂലൈ ഒന്നിനും 2005 ജൂൺ 30നും മധ്യേ ജനിച്ചവരാകണം). കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. പട്ടികജാതി/ വർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരിക യോഗ്യതകളും മെഡിക്കൽ ഫിറ്റ്നസും ഉണ്ടായിരിക്കണം. അപേക്ഷ/ പരീക്ഷഫീസ് 300 രൂപ. (പട്ടിക വിഭാഗത്തിന് ഫീസില്ല. ഓൺലൈനിൽ ജൂലൈ 23 വരെ അപേക്ഷിക്കാം. സെലക്ഷൻ: കോസ്റ്റ്ഗാർഡ് കോമൺ അഡ്മിഷൻ ടെസ്റ്റ് , പ്രിലിമിനറി സെലക്ഷൻ ബോർഡ് ടെസ്റ്റ്, പേഴ്സനാലിറ്റി ടെസ്റ്റ്/ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്